മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൾ നെയ്‌തോ നെയ്യാതെയോ വലപോലെ കെട്ടി ഉണ്ടാക്കിയെടുക്കുന്നവയാണ് കയർ ഭൂവസ്ത്രം. നല്ല ഗുണനിലവാരമുള്ള ക.ർ ഭൂവസ്ത്രത്തിലൂടെ മണ്ണിൽ ജലം നിലനിർത്താനുള്ള ശേഷിയും വളക്കൂറും വർദ്ധിപ്പിക്കാനാകും.

വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗതകുറച്ച് മണ്ണൊലിപ്പ് തടയുന്നു, സ്വന്തം ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുന്നു, മണ്ണിൽ ഈർപ്പം നിലനിർത്തി അന്തരീക്ഷത്തിലെ താപം കുറയ്ക്കുന്നു, ലയിച്ച് മണ്ണിൽ ചേരുന്നതിലൂടെ മണ്ണിന് ജൈവാംശം നൽകുന്നു എന്നിങ്ങനെ വലിയ ഗുണഫലമാണ് ഇത് തരുന്നത്.

 

പദ്ധതി

2000- 2001 കയർ ഭൂവസ്ത്ര വർഷമായി സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നു. കയർ ഭൂവസ്ത്ര വികസനപദ്ധതിക്കു കീഴിലായി നിരവധി പരിപാടികൾ ഈ വർഷത്തിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കയർ ഭൂവസ്ത്രങ്ങളുടെ ഉപഭോഗവും സാധ്യതയും പ്രചരിപ്പിക്കുകയും സ്ഥിരതയുള്ളതും പുനഃസ്ഥാപനശേഷിയുള്ളതുമായ സ്രോതസ്സുകളെ ഭൂസാങ്കേതിക സാഹചര്യങ്ങളിൽ വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടുകൂടി ദേശീയാടിസ്ഥാനത്തിൽതന്നെ പത്തോളം മാതൃകാ പദ്ധതികൾക്ക് തുടക്കംകുറിക്കുകയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്ന്. കയർ ഭൂവസ്ത്രങ്ങളുടെ ധാരാളമായ സാധ്യതകൾ മനസ്സിലാക്കി അവയുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മണ്ണൊലിപ്പ് തടയൽ , നദീ തീരസംരക്ഷണം, സസ്യവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാവശ്യമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പ്രകൃതിദത്ത നാരുകളെ ഉപയോഗപ്പെടുത്തിവരുന്നു.

ഭൂവസ്ത്രനിർമ്മാണം വേഗത്തിൽ വളർന്നുവരുന്ന ഒരു മേഖലയാണ്. ഏകദേശം 1200 ദശലക്ഷം ഡോളർ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണി 10 ശതമാനമെന്ന നിരക്കിൽ വളർന്നു വരുന്നു. ഇതിൽ ഏകദേശം 500 കോടിയും പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയിൽ കയറിന് ഗണ്യമായ സ്ഥാനമാണുള്ളത്.