വിപണനം, പ്രചരണ പരിപാടികള്‍ ‍, വ്യാപാരമേളകള്‍ മുതലായവയ്ക്കും ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായം (വിഹിതം 150 ലക്ഷം രൂപ)

കയറുല്പന്നങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനാവശ്യമായ ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനും കച്ചവട മേളകള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനുമായിട്ടാണ് 150 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പത്രങ്ങള്‍ ‍, റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങള്‍വഴി പ്രചരണങ്ങള്‍ നടത്തുക, കച്ചവടമേളകള്‍ , പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുക. കാറ്റലോഗ് പ്രസിദ്ധീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുളള ചെലവിന്റെ 50% തുക കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ്, ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഈ വിഹിതത്തില്‍ നിന്ന് റീ ഇംപേഴ്സ് ചെയ്യാവുന്നതാണ്. കയര്‍ വികസന ഡയറക്ടര്‍ അംഗീകരിക്കുന്ന സ്ഥലങ്ങളില്‍ ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനും ഈ സ്ഥാപനങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെയോ അല്ലെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായോ ഗ്രാന്‍ഡ് ലഭ്യമാക്കാവുന്നതാണ്. പരസ്യങ്ങള്‍ നല്‍കുക, മറ്റു പ്രചരണ മാര്‍ഗ്ഗങ്ങള്‍‍ , പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ കയര്‍ വികസന വകുപ്പ് പങ്കെടുക്കുക തുടങ്ങിയവയ്ക്കുള്ള ചിലവുകളും ഇതില്‍ വിഭാവനം ചെയ്തിരിക്കുന്നു. പഠനങ്ങള്‍ നടത്തുന്നതിനും കണക്കെടുപ്പിനും റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതിനുമുള്ള ചിലവുകളും ഈ വിഹിതത്തില്‍ നിന്നും വഹിക്കാവുന്നതാണ്. കേരളത്തില്‍ നടത്തുന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിന് കയര്‍ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റികള്‍ക്കും ഈ സ്കീമില്‍ ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. "കേരള കയര്‍ "- "ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ സുവര്‍ണ്ണ നാര് "എന്ന ബ്രാന്‍ഡ് ഇമേജ് നിലനിര്‍ത്തുന്നതിന് ഉള്‍പ്പെടെയുള്ള കയര്‍ മേഖലയുടെ വികസനത്തിനായി അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കുക, ലഘുരേഖകള്‍ അച്ചടിക്കുക, സെമിനാറുകള്‍, അവബോധന ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, അവലോകന മീറ്റിംഗുകള്‍ ‍, ശില്പശാലകള്‍ തുടങ്ങിയവയുടെ ചിലവുകളും ഈ വിഹിതത്തില്‍ നിന്നും വഹിക്കാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി കയര്‍ മേഖലയില്‍ അവാര്‍ഡ് നല്‍കുന്നതിനും പ്രസ്തുത വിഹിതം വിനിയോഗിക്കാവുന്നതുമാണ്. മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 2010-11 ലെ ബഡ്ജറ്റില്‍ 150.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയറിന്റെയും കയറുല്പന്നങ്ങളുടെയും വില്‍പ്പനയ്ക്കുള്ള വിപണന വികസന സഹായം (50% സംസ്ഥാന വിഹിതം)

(വിഹിതം : 300 ലക്ഷം രൂപ സംസ്ഥാന വിഹിതം 300 ലക്ഷം രൂപ കേന്ദ്രവിഹിതം)
ഭാരത സര്‍ക്കാര്‍ നല്‍കിവന്ന റിബേറ്റിനു പകരം കയറിന്റെയും കയറുല്പന്നങ്ങളുടെയും വാര്‍ഷിക വില്പനയുടെ (മൂന്നു വര്‍ഷത്തെ വില്പനയുടെ ശരാശരി) 10 ശതമാനം തുക വിപണന വികസന സഹായമായി നല്‍കുന്നു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ സംസ്ഥാനത്തെ മൊത്തം കയര്‍ സംഘങ്ങളുടെയും അപ്പെക്സ് സ്ഥാപനങ്ങളുടെയും ശരാശരി വിറ്റുവരവ് 16,800 ലക്ഷം രൂപ വരുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ 10 ശതമാനം തുകയായ 1680.00 ലക്ഷം രൂപയാണ്. വിപണന വികസന ധനസഹായമായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 50:50 എന്ന അനുപാതത്തില്‍ വഹിക്കുന്നത് കയറിന്റെയും കയറുല്പന്നങ്ങളുടെയും വില്പന പ്രോത്സാഹിപ്പിക്കുന്നതിനും കയറിനു പുതിയ ഉപയോഗങ്ങളും വിപണികളും കണ്ടെത്തുന്നതിനും മാര്‍ക്കറ്റിംഗ് പ്രൊഫഷണലിനെ തൊഴില്‍പരമായി ഫലപ്രാപ്തിയില്‍‌ എത്തിക്കുന്നതിനും ഈ തുക വിനിയോഗിക്കാവുന്നതാണ്. നാല്പത് സഹകരണ കയര്‍ മാറ്റ്സ് ആന്‍റ് മാറ്റിംഗ്സ് സഹകരണസംഘങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങളായ കയര്‍ഫെഡിനും രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2010-11 ബഡ്ജറ്റില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് 50 ശതമാനം സംസ്ഥാന വിഹിതമായ 300.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ക്കും കയര്‍ സഹകരണസംഘങ്ങള്‍ക്കുളള ധനസഹായം (ഫ്ലാഗ്ഷിപ്പ് പരിപാടി) (വിഹിതം 1300.00 ലക്ഷം രൂപ)

കയര്‍ തൊഴിലാളികള്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും മാച്ചിംഗ് ഗ്രാന്റ് , പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനുമായി കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ 1300.00 ലക്ഷം രൂപ 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നു. ഇതില്‍ 200.00 ലക്ഷം രൂപ മാച്ചിംഗ് ഗ്രാന്റായും 1050.00 ലക്ഷം രൂപ വാര്‍ദ്ധക്യകാല പെ‍ന്‍‌ഷനുമായി വകയിരുത്തിയിരിക്കുന്നു. ഏകദേശം 45000 കയര്‍ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കയര്‍ തൊഴിലാളികള്‍ക്ക് കയര്‍ കമ്മീഷന്‍ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശുപാര്‍ശ ചെയ്തട്ടുണ്ട്. കയര്‍ തൊഴിലാളികള്‍ക്ക് വൃദ്ധസദനത്തിന് കെട്ടിടം പണിയുന്നതിനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ജീവിതം മെച്ചമാക്കാനുള്ള സൗകര്യങ്ങള്‍ നല്‍കുന്നതിനും ശേഷിക്കുന്ന 50.00 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു.

കയര്‍ ഭൂവസ്ത്ര വികസന പരിപാടി (വിഹിതം 25.00 ലക്ഷം രൂപ)

വിപണി വികസന സഹായ പാക്കേജില്‍ തരംതിരിച്ചിട്ടുള്ള ഉല്പന്നവിപണി പരിശ്രമത്തിനും ഗവേഷണവികസനം ശക്തിപ്പെടുത്തുന്നതിനും കയര്‍ ഭൂവസ്ത്രം ഒരു സ്റ്റാന്‍ഡേര്‍ഡ് എഞ്ചിനീയറിംഗ് മെറ്റീരിയലായി ഉള്‍പ്പെടുത്തുന്നതിനും ഒരു പൈലറ്റ് പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് ഈ ബൃഹത്തായ കയര്‍ ഭൂവസ്ത്ര വികസനപരിപാടിയില്‍ ഉദ്ദേശിക്കുന്നത്. കയര്‍ഫെഡ്, കേരള സംസ്ഥാന കയര്‍ കോര്‍പ്പ‌റേഷന്‍‍ , ഫോമില്‍ ‍, എ.സി.സി.ഡി.എസ്., എന്‍‍ .സി. ആര്‍ ‍.എം. ഐ. ,പി.ഡബ്ല്യൂ.യു.ഡി. , ഇറിഗേഷന്‍ ‍, കെ.എസ്.ഇ.ബി. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയര്‍ ഭൂവസ്ത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പദ്ധതിപ്രകാരം ധനസഹായം നല്‍കാവുന്നതാണ്. കയര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ഈ പരിപാടിക്ക് 2010-11 ബഡ്ജറ്റില്‍ 25.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍ സാങ്കേതികവിദ്യയില്‍ ഗവേഷണവും വികസനവും നടത്തുന്ന കേന്ദ്രങ്ങള്‍ക്കുളള ഗ്രാന്റ് (വിഹിതം 225.00 ലക്ഷം രൂപ)

കയര്‍ മേഖലയിലെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കയര്‍ സംസ്കരണയന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിവിധതരം ഉയര്‍ന്ന മൂല്യവര്‍ദ്ധിത കയറുല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും വേണ്ടി ഗവേഷണവികസന പരിപാടികള്‍ നടത്തുന്നതിനായി 2010-11 ബഡ്ജറ്റില്‍ 225.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത് എന്‍‍ സി ആര്‍ ‍ എം ഐ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും വൈദ്യുതി, പെയിന്റിങ്ങ്, ഓഫീസ് കെട്ടിടനിര്‍മ്മാണം, ലാബ് -11, ഡൈ ഹൗസ്, ക്യാന്റീന്‍ , വര്‍ക്ക്ഷോപ്പ് സംരക്ഷണം, സ്റ്റോറേജ് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനത്തിനും പ്രസ്തുത വിഹിതം വിനിയോഗിക്കാവുന്നതാണ്. മറ്റ് അടിസ്ഥാന സൗകര്യങ്ങളായ യന്ത്രോപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങുന്നതിനും ടെസ്റ്റിംഗ് ലബോറട്ടറികള്‍ ‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവ ആരംഭിക്കുന്നതിനും പ്രസ്തുത പദ്ധതിവിഹിതം വിനിയോഗിക്കാവുന്നതാണ്. യുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കും പ്രസ്തുത തുക ഉപയോഗിക്കാവുന്നതാണ്. എന്‍‍ സി ആര്‍ എം ഐ യുടെ മറ്റു ഭരണപരമായ ചെലവുകള്‍ ശമ്പളം, അലവന്‍സുകള്‍‌ എന്നിവയ്ക്കായി പ്രസ്തുത വിഹിതം ഉപയോഗിക്കുവാന്‍ പാടില്ല. കയര്‍ കമ്മീഷനും ഈ പദ്ധതി നടപ്പാക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ 225.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍മേഖലയിലെ സംരംഭകര്‍ക്ക് മാര്‍ജിന്‍ മണി വായ്പ (വിഹിതം 10.00 ലക്ഷം രൂപ)

കയര്‍മേഖലയിലെ ചെറുകിട ഉല്പാദകര്‍ക്ക് നിലവിലുള്ള യൂണിറ്റുകളുടെ വികസനം, വിപുലീകരണം, വൈവിദ്ധ്യവല്‍ക്കരണം പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കല്‍ മുതലായവയ്ക്കായി ബാങ്കുകള്‍‍ /ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുക്കുന്നതിന് 50 ശതമാനംവരെ മാര്‍ജിന്‍മണി നല്‍കുന്നതിന് പ്രസ്തുത വിഹിതം ചിലവിടാവുന്നതാണ്. കയര്‍ മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന് സംരംഭകരെ ആകര്‍ഷിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. യൂണിറ്റൊന്നിന് പരമാവധി 2.50 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കയര്‍മേഖലയില്‍ ക്ലസ്റ്റര്‍ വികസന കണ്‍സോര്‍ഷ്യം ഇപ്രകാരമുള്ള മാര്‍ജിന്‍മണി വായ്പ ആവശ്യങ്ങള്‍ക്കും ഈ തുക വിനിയോഗിക്കാവുന്നതാണ്. പ്രസ്തുത സ്കീമിനായി 2010-11 ബഡ്ജറ്റില്‍ 10.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍ വ്യവസായത്തില്‍ നിയന്ത്രിത യന്ത്രവല്ക്കരണം (വിഹിതം 1000.00 ലക്ഷം രൂപ)

ആഗോള ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ രീതിയില്‍ ഉയര്‍ന്ന നിലവാരമുള്ള കയറുല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും മറ്റു ഫൈബറുകളുമായുള്ള വില മത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിനും കയര്‍വ്യവസായം നവീകരിച്ചുകൊണ്ട് ഈ മേഖലയിലെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കയര്‍ വ്യവസായം നവീകരിക്കുന്നതിനായി വിപണിയുടെ പ്രവണതയ്ക്ക് അനുസൃതമായി ഉല്പന്നങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സഹായത്തോടെ ഡിസൈന്‍ കൊടുത്ത് കയര്‍ വ്യവസായത്തെ കൂടുതല്‍ വാണിജ്യവല്‍ക്കരിക്കണം. കയര്‍ വ്യവസായം നവീകരിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള സെമി ഓട്ടോമാറ്റിക തറികള്‍ വാങ്ങി ഫാക്ടറികള്‍ നവീകരിക്കുന്ന കയര്‍മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സഹകരണസംഘങ്ങള്‍, എന്നിവയ്ക്ക് 50 ശതമാനം സബ്സിഡി നല്‍കുന്നതാണ്. കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈനുകള്‍ക്ക് ആവശ്യമായ സോഫ്റ്റ്വെയറുകളോടുകൂടിയ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഈ വിഹിതം ലഭ്യമാക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനോ മറ്റു ഏജന്‍സികള്‍ക്കോ സമര്‍പ്പിക്കുന്നതിനാവശ്യമായ ചിലവുകളും പ്രസ്തുത വിഹിതത്തില്‍നിന്നും വിനിയോഗിക്കാവുന്നതാണ് കയര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്ത പ്രകാരം സംരംഭകര്‍ക്കും നിക്ഷേപ സബ്സിഡി ഉള്‍പ്പെടെ കയര്‍ വ്യവസായ നവീകരണ പാക്കേജ് നടപ്പിലാക്കുന്നതിനും പദ്ധതി വിഹിതം വിനിയോഗിക്കാവുന്നതാണ്. കയര്‍വ്യവസായത്തിനാവശ്യമായ എല്ലാതരത്തിലുള്ള യന്ത്രങ്ങളും നിര്‍മ്മിക്കുന്നതിനായി ആലപ്പുഴയില്‍ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിനും പ്രസ്തുത സ്കീമില്‍ വിഭാവനം ചെയ്തിരിക്കുന്നു.

കയര്‍ നിര്‍മാണ യൂണിറ്റുകള്‍ അനുഭവിക്കുന്ന ചകിരിനാരിന്റെ രൂക്ഷമായ അപര്യാപ്തത പരിഗണച്ചും പച്ചതൊണ്ടിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകര്‍ സ്ഥാപിക്കുന്ന യന്ത്രവല്‍കൃത ഡീഫൈബറിംഗ് മില്ലുകളുടെ സ്ഥിര മൂലധന നിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 10 ലക്ഷം രൂപയോ അല്ലെങ്കില്‍ വ്യവസ്ഥകള്‍ക്കു വിധേയമായോ പ്രത്യേക നിക്ഷേപ സബ്സിഡി നല്‍കുന്നതിനും ഈ തുക വിനിയോഗിക്കാവുന്നതാണ്‌. ചകിരിച്ചോറ് ഉപയോഗപ്പെടുത്തുന്നതിനായി ധനകാര്യ സ്ഥാപനങ്ങള്‍ അംഗീകരിച്ച പ്രോജക്ടുകള്‍ ഏറ്റെടുത്തു നടത്തുന്ന സംരംഭകര്‍ക്ക് പ്രോജക്ടിലെ സ്ഥിരമൂലധന നിക്ഷേപത്തിന്റെ 30ശതമാനം തുക പ്രത്യേക ഇന്‍വെസ്റ്റ്മെന്റ് സബ് സിഡിയായി നല്‍കുന്നതിനും ബഡ്ജറ്റ് വിഹിതത്തിന്റെ ഒരു ഭാഗം വിനിയോഗിക്കാവുന്നതാണ്.

2010-11 വാര്‍ഷിക ബഡ്ജറ്റില്‍ ഈ പദ്ധതിക്കുവേണ്ടി 1000.00 ലക്ഷം രൂപ വകയിരുത്തിരിക്കുന്നു.

പരിശീലനവും മാനേജ്മെന്റ് മെച്ചപ്പെടുത്തലും (വിഹിതം 750 ലക്ഷം രൂപ)

കയര്‍ മേഖലയില്‍ ഗവേഷണ വികസനങ്ങള്‍ മുഖേന ഉണ്ടാകുന്ന നൂതന പ്രവര്‍ത്തനങ്ങളും മാറ്റങ്ങളും സംബന്ധിച്ച് കയര്‍ വികസനവകുപ്പ്, കയര്‍ഫെഡ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക എന്നതാണ് ഈ സ്കീമില്‍ ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന പരിശീലനം, വൈദഗ്ദ്ധ്യവര്‍ദ്ധനവ്, കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ച്, ഡിപ്പാര്‍ട്ട്മെന്റ് നവീകരണം, ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍, എ.എം.സി. ഹാര്‍ഡ് വെയര്‍, സോഫ്റ്റ്വെയര്‍, ലാന്‍, വാന്‍ എന്നിവയുടെ സംരക്ഷണത്തിനും വെബ് സൈറ്റ് റീഡിസൈന്‍സ്, മറ്റ് ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ ഉല്‍പ്പെടെയുള്ള മറ്റ് അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങുന്നതിനും കയര്‍ വികസന വകുപ്പിന്റെ മുഖഛായ മാറ്റുന്നതിനുമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കയര്‍മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആവശ്യമായ ഇ.ഡി.പി. പരിശീലന പരിപാടികള്‍ നടത്തുന്നതിനും ഈ തുക ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത സ്കീമിനായി 2010-11 ബഡ്ജറ്റില്‍ 75 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

സഹകരണ സംഘങ്ങളില്‍ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കല്‍ (വിഹിതം 250 ലക്ഷം രൂപ)

സഹകരണമേഖലയില്‍ കയര്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന് ധനസഹായം നല്‍കുന്നതിനുവേണ്ടിയുള്ളതാണ് പ്രസ്തുത സ്കീം. മതിയായ ഭൂമി കൈവശമുള്ള കയര്‍ സഹകരണ സംഘങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിപ്രകാരം ധനസഹായം ലഭ്യമാക്കാവുന്നതാണ്. കയര്‍മേഖലയിലെ എല്ലാ വിഭാഗത്തിലുമുള്ള കയര്‍ സഹകരണ സംഘങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററുകളുടെ ആവശ്യത്തിനായും പദ്ധതി വിഹിതം വിനിയോഗിക്കാവുന്നതാണ്. കേടായ യന്ത്രങ്ങള്‍, അനുബന്ധ യന്ത്രങ്ങളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വൈദ്യുതിയുടെ ലഭ്യതക്കുറവ്, ഭീമമായ വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക, മിനിമം ഗാരന്റ് തുടങ്ങിയ കാരണങ്ങളാല്‍ ഐ.സി.ഡി.പി.യുടെ കീഴില്‍ വരുന്ന ഭൂരിഭാഗം യൂണിറ്റുകളും ഇപ്പോള്‍ പ്രവ്‍ത്തനരഹിതമാണ്. അനുബന്ധയന്ത്രങ്ങളായ വില്ലോയിംഗ് മിഷീന്‍, സ്ക്രീനര്‍ ഫോര്‍ ബേബി ഫൈബര്‍, കണ്‍വെയര്‍ സിസ്റ്റം എന്നിവ വാങ്ങുന്നതിനും റാട്ടുകള്‍ നന്നാക്കുന്നതിനും റാട്ടുകള്‍ മാറ്റി പകരം നിലവാരമുള്ള സ്പിന്നിങ്ങ് ടാങ്ക്, പിത്ത് യാര്‍ഡ് ഗോഡൗണുകള്‍, കിണര്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ചെലവുകളും പ്രസ്തുത വിഹിതത്തില്‍നിന്നും വഹിക്കാവുന്നതാണ്. കയര്‍ സഹകരണസംഘങ്ങളിലെ വനിതാ കയര്‍ തൊഴിലാളികള്‍ക്ക് ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനും പ്രസ്തുത വിഹിതം വിനിയോഗിക്കാവുന്നതാണ്. കയര്‍ മേഖലയിലെ എല്ലാ സഹകരണസംഘങ്ങള്‍ക്കും വൈദ്യുത ചാര്‍ജ്ജ് കുടിശ്ശിക, മിനിമം ഗാരന്റി എന്നീ ക്ലെയിമുകളുടെ പരമാവധി 50 ശതമാനം തുക ഒറ്റത്തവണ ധനസഹായമായി നല്‍കുന്നതിനും വിഹിതം വിനിയോഗിക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി കയര്‍മേഖലയിലെ നൂറു സഹകരണസംഘങ്ങളെയും രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി 2010-11 ബഡ്ജറ്റില്‍ 250 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍ഫെഡ്, ഫോമില്‍ ‍, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ എന്നിവയ്ക്കുള്ള ധനസഹായം (വിഹിതം 100 ലക്ഷം രൂപ)

കയര്‍മേഖലയിലെ അപെക്സ് സൊസൈറ്റിയുടെയും കയര്‍ഫെഡിനും പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സംസ്ഥാന കയര്‍കോര്‍പ്പറേഷന്‍‍ , ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് എന്നിവയുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വിപണി ഇടപെടലിനുമുള്ള പ്രോജക്ട് അധിഷ്ഠിത സഹായം നല്‍കുന്നതിലൂടെ ഈ സ്ഥാപനങ്ങളുടെ സര്‍വ്വതോന്മുഖമായ കാര്യക്ഷമത വര്‍ദ്ധിക്കുന്നു. ഈ സ്കീമില്‍ പ്രവര്‍ത്തന മൂലധനസഹായം ഉള്‍പ്പെടുന്നില്ല. 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ ഇതിനായി 100 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ഉല്പാദനവും വിപണന പ്രചോദനവും (വിഹിതം 200 ലക്ഷം രൂപ)

പൊതുമേഖലാ സംരംഭങ്ങളായ കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ , ഫോംമാറ്റിങ്ങ്സ് (ഇന്ത്യ) ലിമിറ്റഡ്, അപെക്സ് സൊസൈറ്റി, മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സഹകരണസംഘങ്ങള്‍‍ , പ്രാഥമിക സഹകരണ സംഘങ്ങള്‍ (സ്പിന്നിംഗും ചെറുകിട ഉല്പാദനകരും ഉള്‍പ്പെടെ) എന്നിവ വഴി കയറിന്റെയും റബ്ബര്‍ അധിഷ്ഠിത കയര്‍ ഉല്പന്നങ്ങളും കയര്‍ ഭൂവസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള കയറുല്പന്നങ്ങളുടെയും ഉല്പാദനവും വിപണനവും പ്രോതാഹിപ്പിക്കുന്നതിന് ധനസഹായമായി 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ 200 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കയര്‍ മേഖലയില്‍ കയറുല്പന്നങ്ങളുടെ സ്ഥിരമായ ഉല്പാദനം നിലനിര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ഉല്പന്നങ്ങളുടെ വില്പന വര്‍ദ്ധിപ്പിക്കുക അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങള്‍ , അതുപോലെ പാരമ്പര്യ ഉല്പന്നങ്ങളുടെ ഉല്പാദനത്തിനും വിപണനത്തിനും വിഹിതം ഉപയോഗിക്കാവുന്നതാണ്. ഈ സ്കീമില്‍ 300 കയര്‍ സഹകരണസംഘങ്ങള്‍ക്കും 2 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കയര്‍ഫെഡിന്റെ പുനരുദ്ധാരണം/പൊതുമേഖലാ സംരംഭങ്ങളുടെ പുനഃസംഘടന (ഫ്ലാഗ്ഷിപ്പ് പരിപാടി)

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടനയും കയര്‍ഫെഡിന്റെ പുനരുദ്ധാരണവും നടത്തിക്കൊണ്ട് അവയെ സ്വയം നിലനില്‍ക്കുന്നതിനും ലാഭകരമാക്കുന്നതിനും സര്‍ക്കര്‍ ആലോചിക്കുന്നു. ഈ സ്ഥാപനങ്ങള്‍ ധനകാരയ സ്ഥാപനങ്ങളില്‍നിന്നും എടുത്തിട്ടുള്ള വായ്പകള്‍ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുക. മറ്റ് ബാദ്ധ്യതകള്‍ പരിഹരിക്കുക, ചിലവ് കുറയ്ക്കുന്നതിനുള്ള മറ്റ് നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കയര്‍ കമ്മീഷനും ഇതിനെ ശുപാര്‍ശ ചെയ്തിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍/കയര്‍ഫെഡ് എന്നിവയിലെ പുതിയ നിക്ഷേപങ്ങള്‍ക്കുള്ള പലിശ സബ്സിഡി ഉള്‍പ്പെടെ ഈ പദ്ധതിയുടെ നടത്തിപ്പിനായി 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ 700 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ചണവും കയറും സമ്മിശ്രമായുള്ള യാണ്‍ ഉല്പാദിപ്പിക്കുന്നതിന് പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ (ഫ്ലാഗ്ഷിപ്പ് പരിപാടി)

(വിഹിതം 1 ലക്ഷം രൂപ)

ചണവും ചകിരിനാറും സമ്മിശ്രമായിട്ടുള്ള യാണ്‍ ഉല്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് ആലപ്പുഴയില്‍ മറ്റു ഏജന്‍സികളുടെ ധനസഹായത്തോടെ പൊതുമേഖലയില്‍ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിന് സഹായമായി 2010-11 വാര്‍ഷിക ബ‍ഡ്ജറ്റില്‍ ഒരുലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍ കമ്പോസിറ്റ് ബോര്‍ഡുകളുടെ നിര്‍മ്മാണത്തിനായി പുതിയ ഫാക്ടറി സ്ഥാപിക്കല്‍ (ഫ്ലാഗ്ഷിപ്പ് പരിപാടി)

ഫ്ലാഗ് ഷിപ്പ് പരിപാടിപ്രകാരം കമ്പോസിറ്റ് ബോര്‍ഡുകള്‍ ഉല്പാദിപ്പിക്കുന്ന ഒരു ഫാക്ടറി നിര്‍മ്മിക്കുന്നതിന് 300 ലക്ഷം രൂപ 2010-11 ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നു. ഇതിനു പുറമെ ധനകാര്യ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സഹായത്തോടെ ഫാക്ടറി സ്ഥാപിക്കുന്നു.

കയര്‍ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണം

കയര്‍ സഹകരണസംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനവും സ്ഥിരമൂലധന സഹായവും പ്രദാനം ചെയ്യല്‍ ,തൊഴിലാളികള്‍ക്ക് പെന്‍ഷന്‍‍ , ഗ്രാറ്റുവിറ്റി, ഷെയര്‍‍ , ത്രിഫ്റ്റ് തുടങ്ങിയവ പരിഹരിക്കല്‍ എന്നീ കാര്യങ്ങളിലൂടെ സംഘങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിന് സര്‍ക്കാര്‍ നിയമിച്ച കയര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും/പ്രവര്‍ത്തന രഹിതമായതും/അടച്ചുപൂട്ടിയതും എന്നാല്‍ പുനരുദ്ധീകരിക്കാവുന്നതുമായ കയര്‍ സഹകരണ സംഘങ്ങള്‍ ‍, മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സംഘങ്ങള്‍‍ , ചെറുകിട ഉല്പാദക സഹകരണ സംഘങ്ങള്‍‍ , സഹകരണ ഡീഫൈബറിം മില്ലുകള്‍ എന്നിവയുടെ ബാദ്ധ്യതകള്‍ തീര്‍പ്പാക്കി ശക്തിപ്പെടുത്തുന്നതിനും പുനരുദ്ധീകരിക്കുന്നതിനുമായി 709.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പുനരുദ്ധാരണത്തിന്റെ ഭാഗമായി സഹകരണ സംഘങ്ങള്‍ക്ക് അത്യാവശ്യപ്രവര്‍ത്തന മൂലധനവും സംരക്ഷണ ചെലവും സ്ഥിരമൂലധന സഹായവും നല്‍കി സഹകരണസംഘങ്ങള്‍ക്ക് അതിന്റെ നഷ്ടം ഇല്ലാതാക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. സഹകരണസംഘങ്ങള്‍ സമര്‍പ്പിക്കുന്ന പുനരുദ്ധാരണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘങ്ങളുടെ തിരഞ്ഞെടുക്കലും സഹായത്തിന്റെ അളവും നിര്‍ണ്ണയിക്കുന്നത്. 350 സഹകരണസംഘങ്ങളെ സഹായിക്കുന്ന ഈ പദ്ധതിക്ക് 2010-11 ബഡ്ജറ്റില്‍ 709 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ഡീ ഫൈബറിംഗ് മില്ലുകള്‍ സ്ഥാപിക്കല്‍ (വിഹിതം 1000 ലക്ഷം രൂപ)

ഡീഫൈബറിംഗ് മില്ലുകള്‍ സ്ഥാപിക്കല്‍ എന്ന പദ്ധതിക്ക് 1000 ലക്ഷം രൂപ 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്ത് ചകിരിനാര് ഉല്പാദിപ്പിക്കുന്നതിനായി ഏരിയ നിയന്ത്രണമില്ലാതെ ആവശ്യമുള്ള സ്ഥലങ്ങളില്‍ രാഹസ്ക് ഡിഫൈബറിംഗ് മില്ലുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിയാണിത്. പദ്ധതി സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് /കയര്‍ തൊഴിലാളി സഹകരണസംഘങ്ങള്‍ക്ക് ഇത്തരത്തിലുള്ള മില്ലുകള്‍ സ്ഥാപിക്കാവുന്നതാണ്. ഇതിനായി ബാങ്ക് സഹായവും ലഭ്യമാക്കാവുന്നതാണ്. സ്പിന്നിംഗ് സഹകരണസംഘങ്ങള്‍ക്ക് ആവശ്യമായ ചകിരിനാര് ഒരു നിയന്ത്രിത വിലയ്ക്ക് ഈ മില്ലുകളില്‍നിന്നും ലഭ്യമാവുന്നതാണ്. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും നിലവിലുള്ള ഡീഫൈബറിംഗ് മില്ലുകളെ നവീകരിക്കുന്നതിനും/പുനരുദ്ധീകരിക്കുന്നതിനും ബഡ്ജറ്റ് വിഹിതം ഉപയോഗിക്കാവുന്നതാണ്. കയര്‍ഫെഡിന് പ്രോജക്ട് അധിഷ്ഠിത സഹായവും നല്‍കുന്നതാണ്. കൂടാതെ കേരള സര്‍ക്കാര്‍ നിയമിച്ച കരാര്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള തൊണ്ടുശേഖരണ പദ്ധതിയ്ക്ക് ഇന്‍സെന്റീവുകള്‍ /സബ്സിഡികള്‍ എന്നിവയും ഈ വിഹിതത്തില്‍ നിന്ന് നല്‍കാവുന്നതാണ്. 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള 1000 ലക്ഷം രൂപയില്‍ 600 ലക്ഷം രൂപ തൊണ്ടുശേഖരണത്തിനും 300 ലക്ഷം രൂപ 25 ഡീഫൈബറിംഗ് മില്ലുകള്‍ സ്ഥാപിക്കുന്നതിനും 100 ലക്ഷം രൂപ നിലവിലുള്ള 30 ഡീഫൈബറിംഗ് മില്ലുകള്‍ നവീകരിക്കുന്നതിനുമായി വകയിരുത്തിയിരിക്കുന്നു.

കയര്‍ വ്യവസായത്തിന് അപെക്സ് ബോഡി (വിഹിതം 10 ലക്ഷം രൂപ)

കയര്‍ മേഖലയ്ക്കുവേണ്ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനും കയര്‍ വികസനത്തിനുംവേണ്ടിയുള്ള സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനും വിപണന സഹായം നല്‍കുന്നതിനും കയര്‍മേഖലയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിനായി കയര്‍മേഖലയ്ക്ക് ഒരു അപ്പക്സ് ബോഡി രൂപീകരിക്കുന്നതിന് കയര്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. അപെക്സ് ബോഡിയുടെ ആവശ്യങ്ങള്‍ക്കായി 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ 10 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

വിലവ്യതിയാനം പരിഹരിക്കുന്നതിനുള്ള ഫണ്ട് (വിഹിതം 1000 ലക്ഷം രൂപ)

കയറുല്പന്നങ്ങളുടെയും യാണിന്റെയും ചകിരിയുടെയും വില സ്ഥിരതയ്ക്കു വേണ്ടി വിലവ്യതിയാനം പരിഹരിക്കുന്നതിനുള്ള ഫണ്ട് എന്ന പദ്ധതി വീണ്ടും നടപ്പാക്കുവാന്‍ സര്‍ക്കാര്‍ നിയമിച്ച കയര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. കയര്‍ഫെഡ്, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഉല്പാദന ചിലവിന് അനുസരിച്ചുള്ള വിലയ്ക്ക് ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുവാനു​ വില്‍ക്കുവാനും കമ്പോള വിലയ്ക്ക് വില്‍‌ക്കുമ്പോഴുണ്ടാകുന്ന നഷ്ടം പരിഹരിക്കാനും ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് ഇത്. സഹകരണസംഘങ്ങള്‍ ‍, ചെറുകിട ഉല്പാദകര്‍‍ , അപ്പക്സ് സംഘം എന്നിവയ്ക്ക് പ്രത്യക്ഷമായും എല്ലാ കയര്‍ തൊഴിലാളികള്‍ക്കും നിയമാനുസൃത കൂലികള്‍ ഉറപ്പാക്കിക്കൊണ്ട് പരോക്ഷമായും ഗുണം ലഭിക്കുന്നു.

കയര്‍‌മേഖലയില്‍ നിലവിലുള്ള ഡിപ്പോ ഉടമകളെ ഒഴിവാക്കി ക്രയവില സ്ഥിരതാ പദ്ധതി നടപ്പിലാക്കുന്നതിനും ചെറുകിട കയര്‍നിര്‍മ്മാണ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി ഒരു പൊതു സൗകര്യകേന്ദ്രം സ്ഥാപിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഉല്പന്ന നിര്‍മ്മാണ മേഖലയിലെയും കയര്‍ യാണ്‍ മേഖലയിലെയും യഥാര്‍ത്ഥ കയര്‍ ഉല്പാദകര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുന്നതിനായി കയര്‍ഫെഡ്, കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പൊതു സൗകര്യകേന്ദ്രം സ്ഥാപിക്കല്‍ (സി.എഫ്.സി) ഗതാഗത സബ്സിഡി, സംസ്കരണ കേന്ദ്രത്തിന്റെ വാടക, ഓവര്‍ ഹെഡ് ചെലവുകള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും കിട്ടുന്ന ഗുണനിലവാരം കുറഞ്ഞ യാണ്‍ മൂലം സഹകരണസംഘങ്ങള്‍ക്ക് വിപണനപ്രയാസം നേരിടുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സര്‍‌ക്കാര്‍ ഡിസ്ട്രസ്റ്റ് പര്‍ച്ചേസ് സ്കീം നടപ്പിലാക്കുന്നു. ഇത് നടപ്പിലാക്കുന്നതിനും പദ്ധതി വിഹിതം വിനിയോഗിക്കാവുന്നതാണ്. മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സംഘങ്ങള്‍ക്കും ചെറുകിട ഉല്പാദകര്‍ക്കും കയര്‍ സഹകരണസംഘങ്ങള്‍ക്കും പരോക്ഷമായി നേട്ടം ലഭിക്കുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിന് 2010-11 ബഡ്ജറ്റില്‍ 1000 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍ തൊഴിലാളികള്‍ക്കുളള കടാശ്വാസ പദ്ധതി (വിഹിതം 300 ലക്ഷം രൂപ)

കയര്‍ തൊഴിലാളികള്‍ക്കും ചെറുകിട ഉല്പാദകര്‍ക്കും കയര്‍മേഖലയിലെ സഹകരണസംഘങ്ങള്‍ക്കും കടാശ്വാസമായി ഒറ്റത്തവണ സഹായം നല്‍കണമെന്ന് സര്‍ക്കാര്‍ നിയമിച്ച കയര്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ സ്കീം നടപ്പാക്കുന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വിഭാവനം ചെയ്തപ്രകാരം ചെറുകിട ഉല്പാദകര്‍ക്കും 30000 തൊഴിലാളികള്‍ക്കും മറ്റും പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയ്കായി 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ 300 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കേരള കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍‌ഷ്യം/മാര്‍ക്കറ്റിങ്ങ് കമ്പനി (വിഹിതം 200 ലക്ഷം രൂപ)

കേരളത്തില്‍ കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്നതിന് കയര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കയര്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ‍, കയര്‍ഫെഡ് , കയര്‍ സഹകരണ സംഘങ്ങള്‍, ചെറുകിട ഉല്പാദകര്‍ ‍, സ്വകാര്യ സംരംഭകര്‍ തുടങ്ങി എല്ലാ സ്റ്റോക്ക് ഹോള്‍ഡേഴ്സിന്റെയും നിക്ഷേപങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്നു. ഇതിന്റെ സംരക്ഷണത്തിനും നടത്തിപ്പിനുമായി 200 ലക്ഷം രൂപ 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നു.

കയര്‍ സഹകരണ സംഘങ്ങളില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം (വിഹിതം 50 ലക്ഷം രൂപ)

പൊതുമേഖലാ സ്ഥാപനങ്ങളും കയര്‍ഫെഡ് ഒഴികെയുള്ള മറ്റു കയര്‍ /ഉല്പാദക മേഖലയിലെ സഹകരണ സംഘങ്ങളുടെ അടിസ്ഥാന ഓഹരി മൂലധനം ശക്തിപ്പെടുത്തുന്നതിനായി 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. അര്‍ഹമായ തുക മുഴുവനും വിനിയോഗിക്കാത്ത പുതിയതും നിലവിലുള്ളതുമായ സഹകരണസംഘങ്ങള്‍ക്ക് ഈ സഹായം നല്‍കാവുന്നതാണ്. ഈ സ്കീമില്‍ 20 സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് ഉദ്ദേശിക്കുന്നു.

കയര്‍ മേഖലയില്‍ ക്ലസ്റ്റര്‍ വികസന പദ്ധതികള്‍ (വിഹിതം 200 ലക്ഷം രൂപ)

പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവന പദ്ധതി ഫണ്ട് (എസ്.എഫ്.യു.ആര്‍.റ്റി.ഐ) പ്രകാരം ആലപ്പുഴ കയര്‍ ക്ലസ്റ്റര്‍ വികസനസംഘവും (എ.സി.സി.ഡി.എസ്) മറ്റും മുഖേന കയര്‍ മേഖലയില്‍ ക്ലസ്റ്റര്‍ വികസന പരിപാടി കയര്‍ബോര്‍ഡ് നടപ്പിലാക്കി വരുന്നു. ഈ പരിപാടിയുടെ കേന്ദ്രവിഹിതം നേരിട്ട് കയര്‍ ബോര്‍ഡിനോ ആലപ്പുഴ കയര്‍ ക്ലസ്റ്റര്‍ വികസന സംഘത്തിനോ അല്ലെങ്കില്‍ നിര്‍വ്വഹണ ഏജന്‍സിക്കോ നല്‍കുന്നു. ഭാരത സര്‍ക്കാര്‍ അംഗീകരിക്കുന്ന വിവിധ ക്ലസ്റ്റര്‍ വികസന പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിനായി 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ സംസ്ഥാന വിഹിതമായ 200 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ജീവനക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ (പുതിയ പദ്ധതി) (വിഹിതം 50 ലക്ഷം രൂപ)

കയര്‍മേഖലയിലെ സഹകരണ സംഘങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ കയര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. പ്രസ്തുത ചെലവിന്റെ ഒരു ഭാഗം സര്‍ക്കാര്‍ വിഹിതമായിരിക്കണമെന്നും സര്‍ക്കാര്‍ അംഗീകരിച്ചതിനും അംഗീകാരം നല്‍കുന്നതുമായ മേല പ്രസ്താവിച്ച ഉദ്ദേശ്യങ്ങള്‍ക്കും കയര്‍ സഹകരണസംഘങ്ങളിലെ തൊഴിലാളികള്‍ ‍/ജീവനക്കാര്‍ /സ്റ്റാഫ് മുതലായവയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനും മറ്റു പാക്കേജുകള്‍ക്കുമായി 2010-11 വാര്‍ഷിക ബഡ്ജറ്റ് 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍ ഭവന്‍ കെട്ടിട നിര്‍മ്മാണം (പുതിയ പദ്ധതി) (വിഹിതം 50 ലക്ഷം രൂപ)

കയര്‍ ഡയറക്ടറേറ്റിന്റെ പഴയ കെട്ടിടം നില്‍ക്കുന്ന സ്ഥലത്ത് 175 ലക്ഷം രൂപ അടങ്കല്‍ തുകയ്ക്ക് 1600 ചതുരശ്ര മീറ്റര്‍ ഏരിയായില്‍ കയര്‍ ഡയറക്ടറേറ്റിന് ഓഫീസ് കെട്ടിടം പണിയുന്നതിന് ലക്ഷ്യമിടുന്നു.

ഇതിന്റെ ഒന്നാംഘട്ട പ്രവര്‍ത്തികള്‍ക്കായി 2010-11 വാര്‍ഷിക ബഡ്‍ജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

കയര്‍ ഫെഡിന്റെ പുനരുദ്ധാരണം/പൊതുമേഖലാ സംരംഭങ്ങളുടെ പുനഃസംഘടന (ഫ്ലാഗ്ഷിപ്പ് പരിപാടി)

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടനയും കയര്‍ഫെഡിന്റെ പുനരുദ്ധാരണവും നടത്തിക്കൊണ്ട് അവയെ സ്വയം നിലനില്‍ക്കുന്നതിനും ലാഭകരമാക്കുന്നതിനും സര്‍ക്കര്‍ ആലോചിക്കുന്നു. ഈ സ്ഥാപനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും എടുത്തിട്ടുള്ള വായ്പകള്‍ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുക , മറ്റ് ബാദ്ധ്യതകള്‍ പരിഹരിക്കുക, ചിലവ് കുറയ്ക്കുന്നതിനുള്ള മറ്റ് നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പരിപാടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കയര്‍ കമ്മീഷനും ഇത് ശുപാര്‍ശ ചെയ്തിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ‍/കയര്‍ഫെഡ് എന്നിവയിലെ പുതിയ നിക്ഷേപങ്ങള്‍ക്കുള്ള പലിശ സബ്സിഡി ഉള്‍പ്പെടെ ഈ പദ്ധതിയുടെ നടത്തിപ്പിനായി 2010-11 വാര്‍ഷിക ബഡ്ജറ്റില്‍ 700 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

ചണവും കയറും സമ്മിശ്രമായുള്ള യാണ്‍ ഉല്പാദിപ്പിക്കുന്നതിന് പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ (ഫ്ലാഗ്ഷിപ്പ് പരിപാടി) (വിഹിതം 1 ലക്ഷം രൂപ)
ചണവും ചകിരിനാറും സമ്മിശ്രമായിട്ടുള്ള യാണ്‍ ഉല്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് ആലപ്പുഴയില്‍ മറ്റു ഏജന്‍സികളുടെ ധനസഹായത്തോടെ പൊതുമേഖലയില്‍ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിന് സഹായമായി 2010-11 വാര്‍ഷിക ബ‍ഡ്ജറ്റില്‍ ഒരുലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
കയര്‍ കമ്പോസിറ്റ് ബോര്‍ഡുകളുടെ നിര്‍മ്മാണത്തിനായി പുതിയ ഫാക്ടറി സ്ഥാപിക്കല്‍ (ഫ്ലാഗ്ഷിപ്പ് പരിപാടി)

ഫ്ലാഗ് ഷിപ്പ് പരിപാടി പ്രകാരം കമ്പോസിറ്റ് ബോര്‍ഡുകള്‍ ഉല്പാദിപ്പിക്കുന്ന ഒരു ഫാക്ടറി നിര്‍മ്മിക്കുന്നതിന് 300 ലക്ഷം രൂപ 2010-11 ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നു. ഇതിനു പുറമെ ധനകാര്യ സ്ഥാപനങ്ങള്‍ ‍, കേന്ദ്രസര്‍ക്കാര്‍ ‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സഹായത്തോടെ ഫാക്ടറി സ്ഥാപിക്കുന്നു.