കേരളത്തിന്റെ സാംസ്‌കാരത്തോടും ചരിത്രത്തോടും ഇഴ ചേർന്നതാണ് കയർ വ്യവസായം. കേരം തിങ്ങി വളർന്നത് കൊണ്ട് 'കേരളം' എന്ന പേര് ലഭിച്ച മലയാള നാടിന് കയറുമായുള്ള ബന്ധം ലഭിക്കുന്നതും കേരവൃക്ഷത്തിൽ (തെങ്ങിൽ) നിന്നാണ്. തെങ്ങിൽ നിന്ന് ലഭിക്കുന്ന എന്തും പ്രയോജനപ്പെടുത്താൻ മലയാളികൾ ശീലിച്ചിട്ടുണ്ട്. ചൂട്ട്, കൊതുമ്പ്, തേങ്ങ, തെങ്ങിൻ പൂക്കുല, ഓല എന്നിങ്ങനെ എല്ലാം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് പോരുന്നു.

തേങ്ങയുടെ ഭക്ഷ്യയോഗ്യമല്ലാത്ത പുറം തോടിൽ (തൊണ്ട്) നിന്നാണ് കയർ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തു ലഭിക്കുന്നത്. തൊണ്ടിൽ നിന്നുള്ള ചകിരി അതിൽ നിന്നും വേർതിരിച്ച് എടുത്ത ശേഷം കൈകൊണ്ടോ യന്ത്രസഹായത്താലോ പിരിച്ചാണ് കയർ നിർമ്മിക്കാം. ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും കനമുള്ളതും ഏറെ കാലം നിലനിൽക്കുന്നതുമായ പ്രകൃതി ദത്തമായ നാരുകൾ ചകിരിയാണ്.

വീട്, ആഡംബര അപ്പാർട്ട്മെന്റുകൾ, ഹോട്ടൽ എന്നിവയ്ക്ക് ആവശ്യമായ ആഢംബര ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതിനോടൊപ്പം വാണിജ്യ മേഖലയിലും കയറിന് ഏറെ ഉപയോഗമുണ്ട്. പ്രകൃത്യാ ഉള്ള തിളക്കം, ദൃഢത, ഈർപ്പം നിലനിർത്താനുള്ള കഴിവ് തുടങ്ങിയവ കയറിനെ പ്രിയപ്പെട്ടതാക്കുന്ന സവിശേഷതകളാണ്.

തെങ്ങിന് വളക്കൂറുള്ള മണ്ണാണ് കേരളത്തിലേത്. കയർ ഉദ്പാദനത്തിൽ വർഷങ്ങളുടെ പാരമ്പര്യവും ഉണ്ട്. പ്രതിദിനം ആവശ്യക്കാരും ഏറിവരുന്നു. ഈ സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് കേരളത്തിലെ കയർ വ്യവസായത്തെ പരിപോഷിപ്പിക്കാൻ നമുക്ക് സാധിക്കും.

 

കയർ സംസ്കരണം   

നാളികേര തൊണ്ടിൽനിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ നാരുകളെ ഇഴചേർത്താണ് കയർ നിർമ്മിക്കുന്നത്. കയർ നിർമ്മിക്കുന്നതിനാവശ്യമായ നാരുകൾ വേർതിരിച്ചെടുത്തതിന് ശേഷമുള്ള ഭാഗത്തെ ചകിരിച്ചോർ എന്നാണ് പറയുന്നത്.

കയർ ഉത്പാദനം ആരംഭിക്കുന്നത് വിളവെടുത്ത നാളികേരത്തിൽനിന്ന് നാളികേര തൊണ്ട് വേർതിരിച്ചെടുക്കുന്നതോടെയാണ്. ഈ തൊണ്ടിൽ നിന്നുമാണ് ചകിരിനാരുകൾ പിഴുതെടുക്കുന്നത്. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും കൊപ്ര ഉൽപാദനത്തിന്റെ ഉപ ഉത്പന്നമാണ് കയർ .

 

പരമ്പരാഗതരീതി 

പരമ്പരാഗത രീതിയിലുള്ള കയർ ഉത്പാദനം ഒരുപാട് സമയം എടുക്കുന്നതും വലിയ മനുഷ്യാധ്വാനം വേണ്ടതുമാണ്. തേങ്ങയിൽ നിന്നും വേർതിരിച്ചെടുക്കുന്ന തൊണ്ട് ആദ്യം അഴുകാൻ ഇടുന്നു. മൂന്നു മുതൽ ആറ് മാസം വരെ തൊണ്ട് അഴുകാൻ ആവശ്യമാണ്.

ശുദ്ധജലമില്ലാത്ത കുളങ്ങളിലോ ഒഴുകുന്ന ജലാശയങ്ങളിൽ ചിറ കെട്ടി വെള്ളം തടഞ്ഞ് നിർത്തിയോ ആണ് തൊണ്ട് അഴുകാൻ ഇടുന്നത്. ബാക്ടീരിയയുടെ പ്രവർത്തനം മൂലം നാരിൽ നിന്നും ചകിരിച്ചോർ വേർതിരിച്ച് എടുക്കുന്നതിന് 10 മാസസമയം ആവശ്യമാണ്.

അഴുകുന്നതിലൂടെ തൊണ്ടിന്റെ കാഠിന്യം കുറയും. പിന്നീട് തൊണ്ട് തല്ലി നാര് വേർതിരിച്ച് എടുക്കാനാകും. സാധാരണ ഗതിയിൽ കൈ ഉപയോഗിച്ചാണ് തൊണ്ടുതല്ലുന്നത്. വേർതിരിച്ചെടുക്കുന്ന നാര് കഴുകി തണലിൽ ഉണക്കിയെടുക്കുന്നു. ഇതോടെ നാരുകൾ സ്വതന്ത്രമാകുകയും വൃത്തിയാകുകയും ചെയ്യുന്നു.

ശേഷിച്ച ചകിരിച്ചോർ ഹോട്ടികൾച്ചർ ഉത്പാദനമേഖലയിൽ ഉപയോഗപ്പെടുത്തുന്നു. ഇപ്രകാരം തയ്യാറാക്കുന്ന ചകിരിനാരുകൾ ഉയർന്ന ഗുണമേന്മയുള്ളതായിരിക്കും. പച്ചതൊണ്ടുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന നാരുകൾ ഡൈയിങ്ങ് ബ്ലീച്ചിങ്ങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു.

ഗുണമേന്മയുള്ള വെള്ള ഫൈബർ ഈ പരമ്പരാഗത രീതിയിലൂടെ ഉത്പാദിപ്പിക്കാനാകും. പച്ചത്തൊണ്ടിൽ നിന്നുള്ള ഫൈബറുകളാണ് ഡൈ ചെയ്യുന്നതിനും ബ്ലീച്ചിംഗിനും ഏറ്റവും അനുയോജ്യം.

കൂടുതൽ പരുക്കനായ ഫൈബർ ലഭിക്കുന്നതിന് തൊണ്ട് അഴുകാൻ ഇടുന്ന കാലയളവ് കുറച്ചാൽ മതിയാകും. കയർ ഭൂവസ്ത്രങ്ങൾക്കായി ഇവ ഉപയോഗിക്കുന്നുണ്ട്.

 

കൈകൊണ്ടുള്ള പിരിക്കൽ

നാരുകളെ കൈകൊണ്ട് ആറ് മുതൽ ഒമ്പത് ഇഞ്ച് വരെ നീളത്തിൽ പിരിച്ചെടുക്കുകയാണ് സാധാരണയായി ചെയ്തുവരുന്നത്. ഇതിനുശേഷം ഇത്തരത്തിലുള്ള രണ്ട് ഭാഗങ്ങൾ എതിർദിശയിൽ പിരിച്ച് ചേർക്കുന്നു. ഇത്തരത്തിൽ പിണച്ചു ചേർക്കുന്ന ഓരോ ചെറിയ ഭാഗങ്ങളോടും കൂടി തുടർന്നുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ആവശ്യമുള്ള നീളത്തിലുള്ള കയർ ലഭ്യമാകുന്നതുവരെ ഈ പ്രവർത്തനം തുടങ്ങുന്നു. അവസാനം ഇവയെ ഒരു വളയ രൂപത്തിലാക്കി സൂക്ഷിക്കുന്നു.

 

റാട്ട്  ഉപയോഗിച്ചുള്ള പിരിക്കൽ

ഇതിനായി സാധാരണ ചർക്ക അഥവാ നൂൽനൂൽപ്പ് യന്ത്രം ഉപയോഗിക്കുന്നു.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി കയർ ഉല്പാദനത്തിനായി ഉപയോഗിച്ചുവരുന്ന റാട്ട്, ക്രമേണ കൈകൊണ്ടുള്ള പിരിക്കൽ പ്രവർത്തനത്തെ പൂർണ്ണമായും അവസാനിപ്പിച്ചു. കൂടുതൽ ഉല്പാദനശേഷിയും ഉത്പാദനത്തിന്റെ ഗുണമേന്മയുമാണ് ഇതിന്റെ പ്രധാന നേട്ടം.

രണ്ട് ഇഴകയർ നിർമ്മിക്കുന്നതിനായി രണ്ട് ചർക്കകൾ അടങ്ങിയ ഒരു യൂണിറ്റ് ഉപയോഗിക്കണം. ഇതിൽ ഒന്ന് ചലിക്കുന്നതും മറ്റൊന്ന് സ്ഥിരമായി നിലനിർത്തിയിരിക്കുന്നതുമായിരിക്കും. സ്ഥിരമായി നിർത്തിയിരിക്കുന്ന ചക്രത്തിൽ ചലിക്കുന്ന രണ്ട് റാട്ട് സൂചികളും ചലിക്കുന്ന ചക്രത്തിൽ ഒരു റാട്ട് സൂചിയും ഉണ്ടായിരിക്കും.  കയർ നിർമിക്കുന്നതിനാവശ്യമായ നാരുകൾ രണ്ട് വ്യക്തികൾ വഹിക്കുകയും റാട്ട് പ്രവർത്തിപ്പിച്ച്  ആവശ്യമായ വലിപ്പത്തിലുള്ള കയർ ചകിരി നാരുകൾ ഇഴചേർത്ത് നിർമ്മിക്കുകയും ചെയ്യുന്നു.

കൈകളിൽ സൂക്ഷിച്ചിട്ടുള്ള ചകിരിനാരുകളെ വളയരൂപത്തിലാക്കി അവയെ രണ്ട് ഭാഗങ്ങളാക്കി പകുത്ത് മാറ്റി സ്ഥിരമായി നിർത്തിയിരിക്കുന്ന റാട്ടിലേക്ക് ഒരേകനത്തിൽ കടത്തിവിടുകയും ഇതിനായി നൽകിക്കൊണ്ടിരിക്കുന്ന ചകിരിയുടെ അളവ് വർദ്ധിക്കുന്നതിനനുസരിച്ച് നാരുകൾ വഹിക്കുന്ന  വ്യക്തി പിന്നിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

കച്ചിയെ പൊഴിയുള്ള ഒരു ദണ്ഡിലൂടെ കടത്തി അതിനെ റാട്ടിലുള്ള വെട്ടിലേക്കായി ബന്ധിപ്പിച്ചിരിക്കുന്നു. പൊഴിയുള്ള ദണ്ഡിനെ മുന്നിലേക്ക് നീങ്ങാൻ അനുവദിച്ചിരിക്കുന്നു. ചലിക്കാൻ സാധിക്കുന്ന റാട്ട് ചക്രത്തെ എതിർദിശയിൽ തിരിച്ചുകൊണ്ടിരിക്കുന്നു. കയർ ഇഴകൾക്കിടയിലുള്ള പിരിയുടെ കാഠിന്യം നിയന്ത്രിക്കുന്നതിനായാണ് പൊഴിയുള്ള ദണ്ഡ് ഉപയോഗിക്കുന്നത്.

ദണ്ഡ് സ്ഥിരമായി നിർത്തിയിരിക്കുന്ന റാട്ട് ചക്രത്തിന് സമീപത്ത് എത്തുന്നതോടെ റാട്ട് തിരിക്കൽ നിർത്തുന്നു. തുടർന്ന് ആവശ്യമായ കാഠിന്യമുള്ള പിരിയാണോയെന്ന് പരിശോധിച്ചുറപ്പുവരുത്തുന്നു. ആവശ്യമായ വലിപ്പത്തിലുള്ള കയർ ലഭിക്കുന്നതുവരെ പ്രവർത്തനം തുടരുന്നു. ഈ രീതിയിൽ 12-15 കിലോഗ്രാം കയർ നിർമിക്കുന്നതിനായി മൂന്ന് പേരുടെ അധ്വാനം ആവശ്യമാണ്.