സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമേഖലയിൽ വളരെ പ്രധാനപ്പെട്ട വ്യവസായമാണ് കയർ. നാല് ലക്ഷത്തിലധികംപേർ ഈ മേഖലയിൽ തൊഴിൽചെയ്തു വരുന്നു. ഇതിൽ 80 ശതമാനത്തിലധികവും സ്ത്രീകളാണ്. വിദേശകൈമാറ്റത്തിലൂടെ 800 കോടി രൂപയിലധികം ഓരോ വർഷവും സംസ്ഥാനത്തിന് നേടിത്തരുന്ന കയർ വ്യവസായത്തിന് അസാധാരണമായ വളർച്ച കൈവരിക്കുന്നതിനുള്ള ശേഷിയുണ്ട്.

സംസ്ഥാന ഗവൺമെന്റിന്റെ കയർവ്യവസായവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഏജൻസിയാണ് കയർവികസന ഡയറക്ടറേറ്റ്. സംസ്ഥാനത്ത് ചിറയിൻകീഴ്, കൊല്ലം, കായംകുളം, ആലപ്പുഴ, വൈക്കം, വടക്കൻ പറവൂർ , തൃശൂർ , പൊന്നാനി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായുള്ള പത്ത് കയർ പദ്ധതി കാര്യാലയങ്ങളെ നിയന്ത്രിക്കുന്ന സംവിധാനം കൂടിയാണ് കയർ വികസന ഡയറക്ടറേറ്റ്.

ആസൂത്രിതവും നൂതനവുമായ വികസനരീതികൾക്ക് തുടക്കമിടുന്നതിന് സംസ്ഥാന ഗവൺമെന്റ് ലക്ഷ്യമിടുന്നു. പടിപടിയായി വളരുന്നതും സുസ്ഥിരമയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതുമായ നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമ്യായ പങ്ക് വഹിക്കുന്ന തരത്തിലുളള പ്രവർത്തന പരിപാടികൾക്ക് നേതൃത്വം നല്കുകയും സൗകര്യമൊരുക്കുകയും ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയർവികസന ഡയറക്ടറേറ്റിന്റെ പ്രവർത്തന പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

 

Download as PDF